ADS

എൻ എസ് എസ് കരയോഗങ്ങളുടെ ലീഗൽ സ്റ്റാറ്റസ് എന്താണ്..??

അമ്പലപ്പുഴ താലൂക്കിലെ നീർക്കുന്നം കരയോഗത്തിന്റെ സ്വത്തുക്കൾ ലേലം ചെയ്യാൻ ആദായ നികുതി വകുപ്പ് നൽകിയ പരസ്യം എല്ലാവരും കണ്ടിരിക്കും. ഏകദേശം 12 കോടിയോളം രൂപയാണ് അടയ്ക്കാനുളളതായി കാണുന്നത്. ഈ സാഹചര്യത്തിലാണ് ഒരു കരയോഗത്തിന്റെ നിയമപരമായ അസ്തിത്വം എന്തെന്ന ചോദ്യം ഉയരുന്നത്. എൻ എസ് എസ് നേതൃത്വം പോലും ഇതിന്റെ യഥാർത്ഥ അസ്തിത്വം എന്ത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. തങ്ങൾ എടുക്കുന്ന എല്ലാ ഏകപക്ഷീയമായ തീരുമാനങ്ങളെയും സർവ്വാത്മനാ പിന്തുണയ്ക്കുന്നതും ജനറൽ സെക്രട്ടറിയെയോ സമുദായത്തിന്റെ പണം കട്ടു തിന്നുന്ന യൂണിയൻ പ്രസിഡന്റുമാരെയോ വിമർശിച്ചാൽ ഉടൻ പിരിച്ചു വിടാനുള്ളതുമായ ഒരു സ്ഥാപനം എന്നതിനപ്പുറം കരയോഗങ്ങൾക്ക് ഒരു സ്ഥാനവും കേന്ദ്ര നേതൃത്വം കൽപ്പിച്ചു നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അനുസരണയുള്ള വിശ്വസ്ത വിനീത വിധേയരായ കരയോഗം ഭാരവാഹികൾ ഇതെക്കുറിച്ച് അന്വേഷിക്കാനും തയ്യാറായിട്ടില്ല. തങ്ങൾക്ക് തോന്നിയ തരത്തിൽ പെരുന്നയിൽ ഇരുന്ന് കരയോഗം ബൈലോകൾ ഏകപക്ഷീയമായി ഭേദഗതി ചെയ്യുകയും ഇതിനൊന്നും കരയോഗങ്ങളുടെ അനുമതി പോലും ആവശ്യവും ഇല്ലാത്ത ഒരു വിചിത്ര ഭരണ സംവിധാനം. കരയോഗം ഭരണത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇത്തരം അധികാരത്തിന്റെ അടിസ്ഥാനം എന്താണ്.?  എൻ എസ് എസ് ഒരു കമ്പനിയും കരയോഗങ്ങളും യൂണിയനുകളും ഈ കമ്പനിയിലെ അംഗങ്ങൾ മാത്രവുമാണ്. കരയോഗങ്ങൾക്ക് നൽകുന്ന രജിസ്ട്രേഷൻ ഇത്തരം അംഗത്വ സർട്ടിഫിക്കറ്റ് മാത്രമാണ്. ഒരു കമ്പനിയിലെ അംഗത്തിന്റെ മേൽ  കമ്പനിക്ക് ഇത്തരം അധികാരം പ്രയോഗിക്കാൻ നൽകുന്ന നിയമം എന്താണ് ?. നിയമം അനുവദിക്കാത്ത ഒരു കാര്യം ഏതെങ്കിലും ബൈലോയിൽ എഴുതിച്ചേർത്തതു കൊണ്ട് മാത്രം അത് നിയമവിധേയം ആകുമോ.? കരയോഗങ്ങളുടെ മേൽ ഇത്രയധികം അധികാരം പ്രയോഗിക്കുന്നവരും  ഈ കരയോഗത്തിന്റെ  ജപ്തി നടപടികൾ തടയാൻ ബാദ്ധ്യസ്ഥരല്ലേ... ഓരോ കേസ് വരുമ്പോഴും കരയോഗങ്ങളെ സംബന്ധിച്ച് ഓരോ തരത്തിലുളള വാദങ്ങളാണ്  കേന്ദ്ര നേതൃത്വം ഉന്നയിക്കുന്നത്. കരയോഗങ്ങൾ എൻ എസ് എസ് എന്ന കമ്പനിയുടെ ശാഖകൾ ആണോ,  ഒരു ചാരിറ്റബിൾ സൊസൈറ്റിയാണോ, അതോ വെറും ഒരു സൊസൈറ്റിയാണോ ,  അതോ കുറെ ആളുകളുടെ വെറുമൊരു അസോസിയേഷൻ മാത്രമാണോ എന്ന് കേന്ദ്ര നേതൃത്വം ഇനിയെങ്കിലും വിശദീകരിക്കണം. നിയമപരമായ ഇത്തരം  ഒരു അസ്തിത്വത്തിന്റെ അഭാവത്തിൽ ആദായ നികുതി വകുപ്പിന്റെ ഒരു ഇളവുകളും  കരയോഗങ്ങൾക്ക് ലഭിക്കുന്നില്ല. ഇത്തരം സൗജന്യം നേടിയെടുക്കാനുള്ള അറിവോ മനോഭാവമോ ഇല്ലാത്ത ഒരു കേന്ദ്ര നേതൃത്വമാണ് ഈ രീതിയിൽ കരയോഗം സ്വത്തുക്കൾ നഷ്ടപ്പെടാൻ കാരണം എന്ന് പറയാതെ വയ്യ. അതുകൊണ്ട് കൂടുതൽ കരയോഗ സ്വത്തുക്കൾ ജപ്തി നടപടികൾക്ക് വിധേയമാകുന്നതിന് മുമ്പ് ഒരു കരയോഗത്തിന്റെ ലീഗൽ സ്റ്റാറ്റസ് എന്താണെന്ന് കരയോഗങ്ങളെ അറിയിച്ചാൽ അതനുസരിച്ച് നിലവിലുള്ള ആദായനികുതി ഇളവുകൾ ഉപയോഗപ്പെടുത്താൻ കരയോഗങ്ങൾക്ക് കഴിയും.