*◾കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം അവതാളത്തിലായി.* ഭൂമി ഏറ്റെടുക്കാന്‍ മട്ടന്നൂരിലുണ്ടായിരുന്ന സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച നിലയിലാണ്. ഓഫീസിന്റെ പ്രവര്‍ത്തന കാലാവധി നീട്ടിക്കൊടുത്തിട്ടില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളവും നല്‍കിയിട്ടില്ല. പണമടക്കാത്തതിനാല്‍ വൈദ്യതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരിക്കുകയാണ്.
*◾താമരശേരിയില്‍ ബിരുദ വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.* കല്‍പ്പറ്റ സ്വദേശി ജിനാഫിനെയാണ് തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്.
*◾അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പുതൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വി ആര്‍ രഞ്ജിത്തിനെ പാലക്കാട് ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു.* വില്ലേജ് ഓഫീസില്‍ സബ് കളക്ടര്‍ മിന്നല്‍ പരിശോധന നടത്തിയതിനു പിറകേയാണ് നടപടി.
*◾കോഴിക്കോട് കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു.* മുസ്ലീം ലീഗ് പ്രതിനിധിയായ പി സി ബഷീറിന്റെ വീടിനാണ് പുലര്‍ച്ചെ രണ്ടരയോടെ സ്ഫോടക വസ്തു എറിഞ്ഞത്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മൂന്ന് ബോംബുകളില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിത്തെറിച്ചത്. പ്രതിഷേധിച്ച് പ്രദേശത്ത് ഹര്‍ത്താല്‍.
◾കോണ്‍ഗ്രസ് നേതാവും ഐഎന്റ്റിയുസി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതില്‍ പി എ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം കുമളി സെന്റ് തോമസ് ഫെറോനാ പള്ളിയില്‍.
◾കൊച്ചിയില്‍ മദ്യലഹരിയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയും ബിയര്‍ കുപ്പി റോഡിലേക്കു വലിച്ചെറിയുകയും നായയെ റോഡിലിറക്കി ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത കാര്‍ യാത്രക്കാരന്‍ കാക്കനാട് സ്വദേശി ആഷികിനെ പോലീസ് അറസ്റ്റു ചെയ്തു. പാലാരിവട്ടത്ത് ഞായറാഴ്ച്ച രാത്രിയാണ് ഈ അതിക്രമങ്ങള്‍ നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.
◾ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
◾മറയൂര്‍ പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. മിഷന്‍ വയല്‍ സ്വദേശി നരി എന്നറിയപ്പടുന്ന മണികണ്ഠപ്രഭു (35) ആണ് ടവറിനു മുകളില്‍ കയറിയത്. പോലീസ് സ്ഥലത്തെത്തിച്ച മക്കളുമായി സംസാരിപ്പിച്ചതോടെയാണ് ഇയാള്‍ താഴെ ഇറങ്ങാന്‍ സമ്മതിച്ചത്.
◾ഗുസ്തിതാരങ്ങളെ പിന്തുണച്ച് നടത്താനിരുന്ന സമരം കര്‍ഷക സംഘടനകള്‍ മാറ്റിവച്ചു. ജന്തര്‍ മന്തറില്‍ ഒമ്പതാം തീയതി നടത്താനിരുന്ന മാര്‍ച്ച് മാറ്റിവച്ചെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് അറിയിച്ചു. സമരം ചെയ്യുന്ന താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. താരങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പിന്‍വാങ്ങുന്നതെന്നും ടികായത്ത് പറഞ്ഞു.
◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ പരാതി ആരും പിന്‍വലിച്ചിട്ടില്ലെന്ന് ഇന്നലെ ഗുസ്തി താരങ്ങള്‍ പറഞ്ഞിരുന്നു.
◾ട്രെയിന്‍ ദുരന്തമുണ്ടായ ബാലസോറില്‍ സിബിഐ സംഘം പ്രാഥമിക പരിശോധന നടത്തി. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 150 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ശീതീകരിച്ച കണ്ടെയ്നറുകള്‍ സജ്ജമാക്കും. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഭുവനേശ്വര്‍ എംയിസില്‍ ഡിഎന്‍എ പരിശോധനയ്ക്കുള്ള കേന്ദ്രം തുടങ്ങിയിട്ടുണ്ട്.
◾രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടും. പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് നീക്കം. രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ജൂണ്‍ 11 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തര്‍ക്കം ഒത്തുതീര്‍പ്പാകാത്തതാണ് കാരണം.
◾ബെംഗളുരു - മൈസുരു എക്സ്പ്രസ് വേയിലെ ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ തല്ലിക്കൊന്നു. രാമനഗര ജില്ലയിലെ കാരെക്കല്‍ പവന്‍ കുമാര്‍ നായക് എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്.
◾ദക്ഷിണ യുക്രെയിനിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലയിലെ അണക്കെട്ട് റഷ്യ തകര്‍ത്തെന്ന് യുക്രെയിന്‍. എന്നാല്‍ യുക്രെയിനാണ് അണക്കെട്ടു തകര്‍ത്തതെന്ന് റഷ്യ ആരോപിച്ചു.
◾വനിതാ ഫുട്ബോള്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ഭീമന്‍ പിഴ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ താത്കാലികമായാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതെന്നും ശക്തമായി തിരിച്ചുവരുമെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.